Tuesday, October 27, 2009

യോയോകള്‍, അഭിനവ ബുജികളോ

അഭിനവ ബുജികള്‍ എന്നൊരു വര്‍ഗം ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ട്. എങ്കിലും ഇപ്പൊ കൂടുതലായും നഗരങ്ങളില്‍ കാണപ്പെടുന്ന യോയോകളെ ബുജി വര്‍ഗ്ഗത്തില്‍ പെടുത്താമോ എന്നുള്ള കാര്യം ആലോചിക്കേണ്ടി ഇരിക്കുന്നു.
ബുജി എന്നാല്‍ ബുദ്ധിജീവി എന്നാണ്. എഴുപതുകളിലും എണ്‍പത്കളിലും കേരളത്തിലെ കലാലയങ്ങളില്‍ വ്യാപകമായി കണ്ടു വന്നിരുന്ന ഒരു ഇനം ജീവിയാണ് ബുദ്ധിജീവി. ഇവക്കു മനുഷ്യരെ അപേക്ഷിച്ച് ബുദ്ധി കൂടുതലായിരുന്നോ എന്ന വിഷയം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ബുജികളും യോയോകളും തമ്മില്‍ പ്രത്യക്ഷത്തില്‍ സാമ്യങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും രണ്ടു വര്‍ഗ്ഗവും ഓരോ കാലഘട്ടത്തിന്റെ പ്രതീകങ്ങള്‍ ആണെന്ന് ഉള്ളതാണ് വിഷയത്തിന്റെ പ്രസക്തി കൂട്ടുന്നത്‌. എണ്‍പതുകളുടെ അവസാനത്തോടെ വംശനാശം സംഭവിച്ചു തുടങ്ങിയ ബുജികള്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഏതാണ്ട് എല്ലാ കലാലയങ്ങളില്‍ നിന്നും അപ്രത്യക്ഷരായി എന്ന് വേണം കരുതാന്‍...

ഒരു മുഷിഞ്ഞു നാറിയ ഖദര്‍ ജുബ്ബ,അഴുക്കു പുരണ്ട വെള്ള മുണ്ട് (പുതിയതാണേല്‍കുറച്ചു ചെളി പുരട്ടിയത്), ഊശാന്‍ താടി (ഫ്രഞ്ച് താടി), ഹവായ്‌ ചപ്പല്‍, തോള്‍ സഞ്ചി എന്നിവയാണ് ഒരു ബുജിയാവാന്‍ വേണ്ട മിനിമം യോഗ്യതകള്‍. ഇതില്‍ മുണ്ടൊഴിച്ചു ബാക്കി എല്ലാം നിര്‍ബന്ധമാണ്‌. മുണ്ടിനു പകരം അവസാന നാളുകളില്‍ ബുജികള്‍ ഒരിക്കലും അലക്കാത്ത നീല ജീന്‍സ്‌ ഉപയോഗിച്ചിരുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌....തോള്‍ സഞ്ചിയുടെയും ജുബ്ബയുടെയും നിറം ഒന്നു തന്നെ ആയിരിക്കണം എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യം ആണ് പിന്നെ വിട്ടുപോയ ഒരു സംഗതി കണ്ണടയാണ്‌ അതും സോഡാക്കുപ്പി ഗ്ലാസ്‌ ആണേല്‍ കൂടുതല്‍ നന്നായിരിക്കും. ഒരാള്‍ ബുജി ആയി മാറിക്കഴിഞ്ഞാല്‍ പിന്നെ അവന് കുളി നിഷിദ്ധമാണ്, ഒരിക്കലും ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ പാടില്ലെങ്കിലും ഒരു ഇലക്ഷന്‍ കാമ്പൈനിങ്ങിനു എങ്കിലും ക്ലാസ്സില്‍ കയറി ഒരു കവിത ചൊല്ലേണ്ടതാണ്‌, സ്വന്തം ക്ലാസ്സ് ആകണം എന്ന് നിര്‍ബന്തമില്ല.കവിത അറിയില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് മനസിലാകാത്ത എന്തെങ്കിലും സംസാരിക്കാം ബുജി ആയതുകൊണ്ട് ആരും തിരിച്ചൊന്നും പറയില്ല.ഇനി അഥവാ ആരെങ്കിലും പ്രതികരിച്ചാല്‍ തന്നെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, പ്രതികരിക്കുന്നവന് ബുജിയുടെ അത്ര ബുദ്ധി ഇല്ലാത്തതുകൊണ്ടും ബുജിയെക്കള്‍ നാണം ഉള്ളതുകൊണ്ടും പെട്ടന്നുതന്നെ അടങ്ങിക്കോളും. ബുജിയാവാന്‍ വേണ്ട അടിസ്ഥാന വിദ്യാഭ്യാസം കഞ്ചാവ് വലിക്കാന്‍ അറിയണം എന്നുള്ളതാണ് എത്രത്തോളം കഞ്ചാവ് വലിക്കാന്‍ സാധിക്കും എന്ന് നോക്കിയാണ് ബുജികള്‍ക്കിടയിലെ സീനിയോരിറ്റി നിശ്ചയിച്ചിരുന്നത്.

തൊണ്ണൂറുകളുടെ ആരംഭത്തില്‍ കേരള കലാലയങ്ങളില്‍ നിന്നും അപ്പ്രത്യക്ഷരായ ബുജി വര്‍ഗത്തിന് പിന്നീട് ഒരു പിന്ഗാമി ഉണ്ടായത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആണ്.
യോയോ എന്നറിയപ്പെടുന്ന വര്‍ഗത്തിന് ബുജികളുടെ അത്രക്ക് ബുദ്ധി വരില്ലെങ്കിലും വസ്ത്രധാരണത്തില്‍ ഇവര്‍ ബുജികളെ വെല്ലും. അഭിനവ ബുജികള്‍ എന്നുള്ളതിനേക്കാള്‍ ഇവര്‍ക്ക് ചേരുന്ന വിശേഷണം ബ്രാന്‍ഡ്‌എഡ് ബുജികള്‍ എന്നായിരിക്കും. പഴയ ബുജിയാവാന്‍ പത്തു പൈസ ചെലവില്ലെങ്കിലും യോയോ ആയി മാറാന്‍ കുറച്ചു കാശ് ചെലവുള്ള കാര്യമാണ്. ജുബ്ബക്കു പകരം ഹാഫ് സ്ലീവ്‌ ടീ ഷര്‍ട്ട്‌ അതും കറുപ്പ് നിറത്തില്‍ ചെഗ്ഗുവേരയുടെ പടമുള്ളത്‌ തന്നെ വേണം, പിന്നെ ലോ വേസ്റ്റ് ജീന്‍സ്‌. ഉള്ളില്‍ ഒന്നും ഇടാത്ത ദിവസങ്ങളില്‍ പിന്നില്‍ നിന്നു നോക്കുന്നവര്‍ക്ക് പകുതി ചന്തി എങ്കിലും കാണാന്‍ പറ്റണം. ഇനി അഥവാ ഉള്ളില്‍ എന്തേലും ഇടുന്നെങ്കില്‍ തന്നെ ജോക്കി മസ്റ്റ്‌, അതും വെള്ള കളര്‍ ആയിരിക്കണം. വലതു കയ്യില്‍ പത്തു കളറുകളില്‍ ഉള്ള ബാന്‍ഡ്‌ , ഇടത്തെ കയ്യില്‍ രണ്ടു കിലോ തൂക്കം വരുന്ന റിസ്റ്റ് വാച്ച്. പിന്നെ റീബോക്ക്, അടിടാസ് മുതലായാല്‍ കമ്പനികളുടെ ആര്‍ക്കും വേണ്ടാത്ത ഷൂസും ബെല്‍റ്റും. ബെല്‍റ്റ്‌ നിര്‍ബന്തം അല്ല കൂളിംഗ്‌ ഗ്ലാസ്‌ ഉണ്ടേല്‍ വക്കാം. ഇത്രയും ആയാല്‍ യോയോയുടെ വസ്ത്രധാരണം കഴിഞ്ഞു, പഴയ ബുജിയുടെ ഊശാന്‍ താടി ഇവര്‍ക്കുമുണ്ടെങ്കിലും മീശ പാടില്ല കണ്ടാല്‍ മുട്ടനാടിന്റെ പോലെ ഇരിക്കണം. ഇനി ചെയ്യാനുള്ളത് ഒരു പച്ച ഈര്‍കിലോ ഇരുമ്പാണിയോ എടുത്തു സ്വിച്ച് ഓണ്‍ ചെയ്ത വച്ച ഒരു പ്ലുഗ് പോയിന്റില്‍ കുത്തുക, ഇപ്പോള്‍ തലയിലെ മുടിയെല്ലാം പണിതീരാത്ത ബില്‍ടിങ്ങിന്റെ മുകളിലെ വാര്‍ക്ക കമ്പികള്‍ എന്ന പോലെ മുകളിലേക്ക് എഴുന്നേറ്റ് നില്ക്കും, പിന്നീട് മുടിയില്‍ തോടാനെ പാടില്ല. യോയോ തയ്യാര്‍...
ബുജികള്‍ക്കു കവിത എന്നപോലെ യോയോക്ക് ഇംഗ്ലീഷിലുള്ള പാട്ടു നിര്‍ബന്തം ആണ്. ഒന്നും മനസിലായില്ലെങ്കിലും സംഗതി ഇംഗ്ലീഷ് ആയിരിക്കണം ഏത് സമയം പുറത്തിറങ്ങിയാലും പാട്ടുള്ള ഐപോടിന്റെയോ മൊബൈല്‍ന്റെയോ ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി കയറ്റുകയും വേണം ബുജികളും യോയോകളും തമ്മിലുള്ള വേറൊരു സാമ്യം കുളിയുടെ കാര്യത്തിലാണ്...


ബുജികളെ അപേക്ഷിച്ച് യോയോകള്‍ തങ്ങളുടെ പ്രവര്‍ത്തന മേഖല കലാലയങ്ങളില്‍ ഒതുക്കി നിര്‍ത്താതെ പുറത്തേക്ക് വ്യപിപ്പിച്ചെങ്കിലും ഒരു കാലഘട്ടത്തിന്റെ തന്നെ പ്രതീകമായ ബുജിയുഗം പുനര്‍സ്രിഷ്ടിക്കാന്‍ യോയോകള്‍ക്ക് സാധിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യം തന്നെ ആണ്.... 

0 comments:

Post a Comment