ഇതൊരു കഥയാണ്, ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ആരെങ്കിലും ആയി സാമ്യം തോന്നിയാല്‍ അത് തികച്ചും മനപൂര്‍വ്വം മാത്രമാണ്. ആര്‍ക്കെങ്കിലും പരാതി ഉണ്ടേല്‍ കൊണ്ടു പോയി കേസ് കൊടുക്ക്...
കഥയിലേക്ക്....
ഈ കഥ നടക്കുന്നത് ഒരു തുരുത്തിലാണ്, പേരു രാമന്‍ തുരുത്ത്.. മദ്ധ്യകേരളത്തില്‍ ഏതാണ്ട് ചാലക്കുടിക്ക് അടുത്തുള്ള ഒരു തുരുത്ത്.. ഈ തുരുത്തിനു എങ്ങനെയാണ് ഈ പേരു വന്നത് എന്ന് ആര്‍ക്കും അറിയില്ല...
തുരുത്ത് എന്ന് കേള്‍ക്കുമ്പോ ഒരു ഓണം കേറാമൂലയാണെന്ന് ധരിക്കരുത്.. ഇവിടെ എല്ലാ വിധ സൌകര്യങ്ങളും ഉണ്ട്. എല്ലാം എന്ന് പറഞ്ഞാല്‍ മനുഷ്യ ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങളായ വെള്ളം, വായു, വസ്ത്രം, മദ്യം എല്ലാം ഇവിടെ സുലഭമായി കിട്ടും...സാദാ പെട്ടികടകള്‍ മുതല്‍ കമല ടാക്കീസ് എന്ന പേരില്‍ ഒരു തീയേറ്റര്‍ വരെ ഇവിടെ ഉണ്ട്. ഈ കമല ടാക്കീസ് ആണ് ഇവിടെ ഉള്ള എല്ലാ പേരുടേയും ആകെയുള്ള ഒരു വിനോധോപാദി.ലേറ്റസ്റ്റ് ആയി റിലീസ് ആയ പടം ചിന്നതമ്പി. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും പുറം ലോകവുമായി ബന്ധമുള്ള വളരെ കുറച്ചു പേരെ ഈ തുരുത്തില്‍ ഒള്ളു.. അതിലൊരാള്‍ നമ്മുടെ നായിക ഗൗരി ആണ്. ഈ ഗൗരിക്ക് പുറം ലോകവുമായി ബന്ധം വന്നത് എങ്ങനാന്നു വച്ചാല്‍, അവള്‍ ബി കോമിനു പഠിക്കുന്ന കോളേജ് ടൌണില്‍ ആണ്, അത്ര മാത്രം...എന്തായാലും നായികയുടെ കാര്യങ്ങള്‍ പറഞ്ഞു സമയം കളയാന്‍ നമുക്കു പറ്റില്ല, കാരണം കഥയിലെ പ്രാധാന്യം മുഴുവന്‍ സൂപ്പര്‍സ്റ്റാര്‍ സിനിമകളിലെ പോലെ നായകന് മാത്രം ആണ്...
ശ്രീകുമാര്, നമ്മുടെ നായകന്‍... കാണാന്‍ സുന്ദരന്‍, സുമുഖന്‍.. വിദ്യ സമ്പന്നന്‍... ഇതില്‍ ഈ വിദ്യ ശ്രീകുമാറിന്റെ ചേട്ടന്‍ ആണ്, മുഴുവന്‍ പേരു വിദ്യാധരന്‍. പുള്ളി സമ്പന്നന്‍ ആണെങ്കിലും പത്തു പൈസയുടെ ഉപകാരം നമ്മുടെ നായകന് ഇല്ല, അല്ലേലും കുമാരനു (വളരെ അടുപ്പമുള്ളവര്‍ ശ്രീകുമാറിനെ കുമാരന്‍ എന്നാണ് വിളിക്കാറ്) അതിന്റെ ആവശ്യവും ഇല്ല. പുള്ളിക്ക് ജീവിക്കാനായി നല്ല ഒരു തൊഴില്‍ അറിയാം...രാമന്‍ തുരുത്തിലെ ഒരേ ഒരു തയ്യല്‍ കട നമ്മുടെ കുമാരന്റെതാണ്. കക്ഷിയെ കണ്ടാല്‍ ഒരു അഞ്ചടി ഒന്‍പതു ഇഞ്ച് പൊക്കം വരും അതിനൊത്ത വണ്ണവും. പുള്ളി കാണുന്ന പോലെ ഒന്നും അല്ല, ഇരുന്ന ഇരുപ്പിന് ഒരു മുക്കാല്‍ കുപ്പി ബിയര്‍ ഒക്കെ അകത്താക്കി കളയും.അത്രയ്ക്ക് ഭയങ്കരന്‍ ആണെങ്കിലും അതിന്റെ അഹങ്കാരം ഒട്ടും തന്നെ ഇല്ല.ജനിച്ചിട്ട് ഇന്നു വരെ കുമാരനു ഒരേ ഒരു ആഗ്രഹമേ ഒള്ളു, 'ഒരു കല്യാണം കഴിക്കണം'...
ഈ ആഗ്രഹം പണ്ടു മുതലേ മനസ്സില്‍ ഉള്ളത് കൊണ്ടോ എന്തോ സ്കൂളില്‍ പഠിക്കുമ്പോ മുതലേ കുമാരന്‍ വളരെ റൊമാന്റിക് ആയിരുന്നു. പഠിക്കുന്ന സമയത്തു കൂടെയുള്ള കുട്ടികള്‍ കുമാരനെ കളിയാക്കി വിളിച്ചിരുന്നത് 'വാട്ടര്‍ ബോട്ടില്‍' എന്നാണ്, അതിന്റെ കാരണം കൂടെ പഠിക്കുന്ന പെണ്‍കുട്ടികള്‍ കഴുത്തില്‍ വാട്ടര്‍ ബോട്ടില്‍ ഇട്ടു നടക്കുന്ന പ്രായം കഴിയേണ്ട താമസം കുമാരന്‍ ലൈന്‍ വലിക്കാന്‍ തുടങ്ങും... അങ്ങനെയുള്ള കുമാരന്‍ വളര്‍ന്നതോടൊപ്പം അവന്റെ റൊമാന്റിക് സ്വഭാവവും വളര്‍ന്നു. പഠിച്ചു പഠിച്ചു ഒന്‍പതില്‍ എത്തിയപ്പോ കൂടെ പഠിച്ച രാധാലക്ഷ്മി കുമാരനു പുതിയൊരു പേരു സമ്മാനിച്ചു.. 'റൊമാന്‍സ് കുമാരന്'..... ആ പേരു സ്കൂളും കടന്നു നാട്ടിലെങ്ങും വ്യാപിച്ചു. ഇപ്പൊ നാട്ടില്‍ അങ്ങനെ പറഞ്ഞാലേ അവനെ തിരിച്ചറിയൂ എന്ന സ്ഥിതിയായി..
റൊമാന്‍സ് ഗൗരിയെക്കാളും ഏതാണ്ട് ആറു വയസ്സിനു മൂത്തതാണ്. എങ്കിലും പത്താം ക്ലാസ്സില്‍ രണ്ടു പേരും ഒരുമിച്ചാണ് പഠിച്ചത്.. അത്രയും നാളും ഒരു പെണ്ണിലും ഉറച്ചു നില്‍കാതെ നടന്നിരുന്ന കുമാരന്‍ എന്തോ ഗൗരിയില്‍ ഉടക്കി നിന്നു... അത് വരെ മനസ്സില്‍ ഉണ്ടായിരുന്ന രാധാലക്ഷ്മിയും മീരയും സുനിതയുമെല്ലാം മാഞ്ഞു പോയി...അവര്‍ക്ക് പകരം ഗൗരി മാത്രമായി. സത്യം പറഞ്ഞാല്‍ എല്ലാരോടും കുമാരനു പ്രണയമായിരുന്നു, എല്ലാ ദിവസവും സ്വപ്നങ്ങളില്‍ കല്യാണ പെണ്ണായി ഓരോരുത്തരും മാറി മാറി വരുമായിരുന്നു. പക്ഷെ മൂന്നു ദിവസം അടുപ്പിച്ചു ഗൗരി തന്നെ വധുവായതോടെ കുമാരന്‍ ഉറപ്പിച്ചു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഗൗരിയുടെ വീട്ടില്‍ അവളെ കൂടാതെ ഒരു അനിയത്തി കൂടി ഉണ്ടായിരുന്നു. വീട്ടില്‍ ഏത് നിമിഷവും മതില് ചാടും എന്ന പ്രായത്തില്‍ ഗൗരി, പുറത്തു കുമാരനെ പോലെയുള്ളവര്‍, ആ സാഹചര്യം ഗൗരിയുടെ വീടിനെ ഒരു അച്ഛനുറങ്ങാത്ത വീടാക്കി മാറ്റിയിരുന്നു.
ഒടുവില്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞു . പതിവു പോലെ കുമാരന്‍ പൊട്ടി. ഗൗരിക്ക് സെക്കന്റ് ക്ലാസ്സ്. പക്ഷെ എങ്ങനെയോ നാട്ടില്‍ റൊമാന്‍സ് നു ഫസ്റ്റ് ക്ലാസ്സ് എന്നൊരു വാര്‍ത്ത പരന്നു. ആദ്യം ഒന്നു ഞെട്ടിയെങ്കിലും കുമാരന്‍ ഒട്ടും തിരുത്താനും പോയില്ല. ചുമ്മാ വായിനോക്കി നടന്നവന് ഫസ്റ്റ് ക്ലാസും നിനക്കു സെക്കന്റ് ക്ലാസും എന്ന് പറഞ്ഞു ഗൗരിയെ അച്ഛന്‍ അടിച്ച് പൊറം പൊളിച്ചു . എത്ര മാര്‍ക്ക് ഉണ്ടെന്നു ചോതിക്കുന്നവരോടൊക്കെ ഫസ്റ്റ് ക്ലാസും കുറച്ചു കൂടുതലും എന്ന് കുമാരന്‍ മറുപടി പറഞ്ഞുകൊണ്ടേയിരുന്നു.ഫസ്റ്റ് ക്ലാസ്സ് കിട്ടാന്‍ എത്ര മാര്‍ക്ക് വേണം എന്നറിയില്ലായിരുന്നു എന്നതാണ് സത്യം. പക്ഷെ അടികൊണ്ട ഗൗരി സത്യം നാട്ടുകാരെ അധികം താമസിയാതെ തന്നെ അറിയിച്ചു.. നാണക്കേട് കാരണം കായലില്‍ ചാടി ആത്മഹത്യ ചെയ്യുന്ന കാര്യം വരെ ആലോചിച്ചു കുമാരന്‍. പിന്നെ കല്യാണം കഴിക്കുന്ന കാര്യം ആലോചിച്ചപ്പോ ആ ചിന്ത പിന്‍വലിച്ചു..
പത്താം ക്ലാസ്സില്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായി പഠിപ്പിച്ച സേതു മാഷ് കുമാരനോട് പറഞ്ഞു "ഒന്നുകില്‍ നീ പഠിപ്പ് നിര്‍ത്ത് അല്ലെങ്കില്‍ ഞാനീ പണി നിര്‍ത്താം".കുമാരന്‍ എന്തായാലും ആ പണി അവിടം കൊണ്ടു അവസാനിപ്പിച്ചു (മാഷിന്റെ പണി അല്ല). പിന്നെ കുറെ നാള്‍ പ്ലസ് വണ്ണിനു പഠിക്കുന്ന സ്കൂളിലേക്ക് ഗൗരിയെ കൊണ്ടാക്കി തിരിച്ചു കൊണ്ടു വരുന്ന പണി ഏറ്റെടുത്തു. അതിന് കൂട്ടായി കുമാരനു ഒരു സൈക്കിള്‍ ഉണ്ടായിരുന്നു. കുമാരന് ഉള്ളതുപോലെ നാട്ടുകാര്‍ ആ സൈക്കിള്‍നും ഒരു ഓമന പേരു കൊടുത്തു... ഓണത്തുമ്പി...
ഓണത്തുമ്പിയില്‍ കയറി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുന്ന കുമാരന്‍ ഗൗരിയുടെ സ്കൂളിലെ ഡ്യൂട്ടി കഴിഞ്ഞാല്‍ പിന്നെ കവലയിലെ കലുങ്കിലെ സ്ഥിരം കുറ്റിയായി. പിന്നെ സ്കൂള്‍ വിടുന്നത് വരെ അവിടെ ആണ് ഡ്യൂട്ടി.
വീട്ടില്‍ നിന്നും ഉള്ള കഞ്ഞിക്ക് മുട്ട് വന്നു തുടങ്ങിയതോടെ ആണ് ഇതിന്റെ കൂടെ എന്തേലും സൈഡ് ബിസിനസ്സ് കൂടി തുടങ്ങുന്ന കാര്യത്തെ പറ്റി കുമാരന്‍ ചിന്തിച്ചത്. എന്ത് ചെയ്യണം എന്ന് ആലോചിച്ചപ്പോ പലരും പല അഭിപ്രായങ്ങളും പറഞ്ഞു. അതില്‍ കുമാരനു താത്പര്യം തോന്നിയത് രണ്ടു കാര്യങ്ങള്‍ക്കാണ്. ഒന്നു ഒരു ലേഡീസ് സ്റ്റോറും മറ്റേതു ഒരു തയ്യല്‍ കടയും. അതില്‍ രണ്ടാമത്തെ ബിസിനസ്സ് തന്നെ തുണ്ടാങ്ങാന്‍ തീരുമാനിച്ചു....ഇപ്പൊ ഈ തുരുത്തിലെ ഒരേ ഒരു തയ്യല്‍ കട റൊമാന്‍സ് ന്റെതാണ് . പക്ഷെ ഇവിടെയുള്ള ആണുങ്ങള്‍ക്ക് ഒരു ഷര്‍ട്ടോ പാന്റ്സോ തയ്ക്കണമെങ്കില്‍ ടൌണില്‍ പോകണം എന്ന് മാത്രം...
വര്‍ഷങ്ങള്‍ പിന്നെയും കടന്നു പോയി. കമല ടാക്കീസില്‍ പടങ്ങള്‍ പലതും മാറി മാറി വന്നു, ഗൗരി സ്കൂളും കടന്നു കോളേജിലെത്തി. മാറ്റങ്ങളില്ലാതെ നിന്നത് റൊമാന്‍സ് നു മാത്രം.അങ്ങനെ ഒരു ദിവസം സെക്കന്റ് ഷോ കാണാന്‍ ടിക്കെറിനായി ക്യുവില്‍ നിന്ന കുമാരന്‍ ആരോ പറഞ്ഞു ആ വാര്‍ത്ത കേട്ടു, ഗൗരിയുടെ കല്യാണം നിശ്ചയിച്ചു!!!... അവളെ കോളേജില്‍ പഠിപ്പിക്കുന്ന സാറുമായി.... കുമാരനു അത് തങ്ങവുന്നതിലും അപ്പുറമായിരുന്നു, അവന്‍ അന്ന് അവന്റെ ലിമിറ്റും വിട്ടു കുടിച്ചു...കായലിന്റെ തീരത്തിരുന്നു കുടിച്ചു കുടിച്ചു അവിടെതന്നെ കിടന്നു ഉറങ്ങിപ്പോയി...
ഉറക്കത്തില്‍ കുമാരന്‍ പതിവു പോലെ സ്വപ്നം കണ്ടു.... കുമാരന്റെ കല്യാണം....
താലികെട്ടുന്ന സമയത്തു വധുവിന്റെ മുഖത്തേക്ക് നോക്കിയ കുമാരന്‍ ഒന്നു ഞെട്ടി...ഗായത്രി!!!,അതെ ഗായത്രി തന്നെ, ഗൗരിയുടെ അനിയത്തി....
ini ippo kumaranu pedikkendallo :)
ReplyDelete