Sunday, November 1, 2009

ഈ പട്ടണത്തില്‍ എയ്ഞ്ചല്‍

ലയാള സിനിമയിലെ വളര്‍ന്നു വരുന്ന യുവതാരങ്ങളില്‍ ശ്രദ്ധേയരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും 2009 ലെ ഇതുവരെ ഇറങ്ങിയ ചില സിനിമകളുടെ ഒരു ചെറിയ അവലോകനം ആണ് ഈ പോസ്റ്റ്‌.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരുവരും ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ നിലവിലെ സൂപ്പര്‍ താരങ്ങളായ പ്രിത്യുരാജിനും ജയസൂര്യക്കും എല്ലാം കനത്ത വെല്ലുവിളി ഉയര്‍ത്തിയ വര്‍ഷമായിരുന്നു ഇത്...

2009 ല്‍ ആദ്യം എത്തിയത് മമ്മൂട്ടിയുടെ സിങ്കപൂരിലെ പ്രണയം ആണ്. ഹാസ്യ രസ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യാന്‍ ഈ നടനുള്ള പ്രാവീണ്യം അദ്ദേഹം മുന്‍പ് തെളിയിച്ചിട്ടുള്ളതാണ് എങ്കിലും ഒരു മുഴുനീള ഹാസ്യ നായകനായി മമ്മൂട്ടി തിളങ്ങിയപ്പോള്‍ നീണ്ട ഇരുപത്തി അഞ്ചു ദിവസങ്ങള്‍ പടം തിയേറ്ററില്‍  തകര്‍ത്ത്‌ ഓടി, അദേഹത്തിന്റെ കരിയറിലെ തന്നെ റെക്കോര്‍ഡ്‌ സൃഷ്ടിക്കുകയായിരുന്നു.പടത്തിന്റെ വിജയത്തില്‍ ഒരു നിര്‍ണായക പങ്കു വഹിച്ചത് സംവിധായകരായ റാഫി,മെക്കാര്‍ട്ടിന്‍മാര്‍ തന്നെയാണ്. അവരുടെ സംവിധാന മികവും മമ്മൂട്ടിയുടെ നൃത്ത ചുവടുകളും കൂടിയായപ്പോള്‍ തിയേറ്ററില്‍ മമ്മൂട്ടി ഫാന്‍സ്‌ നിറഞ്ഞാടി എന്ന് പറയേണ്ടിവരും.ഈ വിജയത്തില്‍ മമ്മൂട്ടിക്ക് കൂട്ടായി സൂപ്പര്‍ താരം ജയസൂര്യയും, നവനീത്‌ കൌര്‍ എന്ന അന്യഭാഷാ നായികയും കൂടി ഉണ്ടായിരുന്നു.

അടുത്ത ഊഴം മോഹന്‍ലാലിന്റെതായിരുന്നു. സിങ്കപൂരിലെ പ്രണയത്തിന്റെ അതെ ബാനറില്‍ വന്ന പുതിയ ചിത്രം ചുവന്ന മുളകുകളില്‍ മോഹന്‍ലാല്‍ നിറഞ്ഞപ്പോള്‍ കൂട്ടിനു മറ്റു എരിവുള്ള 9 മുളകുകള്‍ കൂടി ഉണ്ടായിരുന്നു. ആറാം തമ്പുരാനും നരസിംഹത്തിനും ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിച്ചപ്പോളൊക്കെ മലയാള സിനിമയില്‍ സൂപ്പര്‍ ഹിറ്റുകള്‍ പിറവി എടുത്തിരുന്നു എന്ന കാര്യം ഇവിടെയും തെറ്റിയില്ല.സിനിമയില്‍ പൂജാമുറിയില്‍ ഭഗവാന്റെ ഫോട്ടോയ്ക്ക്‌ പകരം ലാലേട്ടന്റെ ഫോട്ടോ കാണിക്കുന്ന ഒരൊറ്റ സീന്‍ മതി ഷാജി കൈലാസിന്റെ സംവിധാന മികവു തിരിച്ചറിയാന്‍.

ഞാനടക്കമുള്ള ആരാധകര്‍ മാസങ്ങളോളം കാത്തിരുന്ന ചിത്രമായിരുന്നു അടുത്തത്.എല്യാസ് ജാക്കി.പടത്തില്‍ മോഹന്‍ലാല്‍ ഓടി നടന്നു വെടിവക്കുന്നത് കണ്ടു സായൂജ്യമടഞ്ഞു മലയാളി പ്രേക്ഷകര്‍. എസ്.എന്‍ സ്വാമി എന്ന സ്ക്രിപ്റ്റ് റൈറ്റര്‍ക്ക് ഇത്ര ഭയങ്കരമായി കഥയെഴുതാന്‍ ആവും എന്ന് ഇതുവരെ ആരും കരുതിയിരിക്കില്ല. സി ബി ഐ  പടങ്ങളും പഴയ ഇരുപതാം നൂറ്റാണ്ടും ഒക്കെ എഴുതിയ കഥാകാരന്‍ അതില്‍ നിന്നൊക്കെ ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു എന്ന് വേണം കരുതാന്‍. അമല്‍ നീരദ് എന്ന സംവിധായകന്റെ രണ്ടാമത്തെ പടം എന്തായാലും ഒരു സംഭവം തന്നെ ആയിരുന്നു. പടത്തിന്റെ വിജയത്തിലുള്ള ഒരു വലിയ പങ്കു ഹെലിക്കൊപ്ട്ടെര്നും കപ്പലിനും പിന്നെ ആന്റണി പെരുമ്പാവൂരിനും കൂടിയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

നിരീശരവാദികള്‍ അടക്കം സകല പ്രേക്ഷകരും എന്റെ ഭഗവാനെ എന്ന് വിളിച്ചു പോയ പടമായിരുന്നു അടുത്തത്. പടം കണ്ട എല്ലാ പ്രേക്ഷകരെയും ഈശ്വര വിശ്വാസികള്‍ ആക്കി മാറ്റി എന്ന കാര്യത്തില്‍ മോഹന്‍ലാലിനും സംവിധായകന്‍ പ്രശാന്ത്‌ മാംബുള്ളിക്കും ഒരുപോലെ അഭിമാനിക്കാം.ലാലിന്റെ സിനിമ ജീവിതത്തില്‍ ഇതുപോലെ ഒരു ചിത്രവും വിജയവും ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല എന്ന കാര്യം നിസ്സംശയം പറയാം.. മലയാളി പ്രേക്ഷകരോടുള്ള ഈ യുവനടന്റെ ധാര്‍മിക ഉത്തരവാദിത്യം വെളിവാക്കുന്നതയിരുന്നു ചിത്രം.

പിന്നീടായിരുന്നു കേരളത്തിലെ തിയേറ്റര്‍കളില്‍  ഭൂതം ഇറങ്ങിയത്. അതുവരെ ഭൂതം എന്ന് കേട്ടാല്‍ പേടിച്ചിരുന്ന മലയാളി കുട്ടികള്‍ മമ്മൂട്ടിയുടെ ഭൂതത്തെ കണ്ടു ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി എന്നതാണ് സത്യം. ജോണി ആന്റണി എന്ന സംവിധായകനില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത് എല്ലാം ഭൂതത്തില്‍ നിന്നും കിട്ടി.മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിച്ച ചിത്രത്തിന്റെ തീം പ്രേക്ഷകരെ തിയേറ്ററില്‍ പിടിച്ചിരുത്തി. ഭൂതമായ മമ്മൂട്ടിയുടെ ശബ്ദം ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. "പാവം പാവം പാവകളായ്..., വാനിലൂടെ നാം നടക്കും..." എന്ന ഗാനരംഗത്തില്‍ കുട്ടികള്‍ക്ക് ഒപ്പം നൃത്തം വച്ച് ഇക്ക പ്രേക്ഷകരെ കയ്യിലെടുത്തു കളഞ്ഞു.  

കേരള ബോക്സ്‌ ഓഫീസില്‍ ചലനം ശ്രിഷ്ടിച്ച ഫൂള്‍ ഡാഡി എന്ന ചിത്രം ആയിരുന്നു ഇക്കയുടെ അടുത്തത്. ആഷിക്ക് അബു എന്ന സംവിധായകന്റെ അരങ്ങേറ്റം അങ്ങനെ ഗംഭീരമായി.എല്ലാ പുതുമുഖ സംവിധായകരെയും പോലെ ഇക്കയുടെ ഡേറ്റ് കൊണ്ട് കോളം തോണ്ടുന്ന പതിവ് ആഷിക്ക് തിരുത്തി കുറിച്ചു എന്നാണ് ചിത്രത്തിന്റെ ബോക്സ്‌ ഓഫീസ് പ്രകടനം തെളിയിക്കുന്നത്.

പിന്നീടിറങ്ങിയ ലാലേട്ടന്റെ ഭ്രമരം, ഇക്കയുടെ ലൌഡ് സ്പീക്കര്‍ തുടങ്ങിയ പടങ്ങളെ കുറിച്ചു പറയാതിരിക്കുകയാണ് ഭേദം. ഇതുപോലെ ഉള്ള സിനിമകളില്‍ അഭിനയിച്ചു കളയുന്ന സമയം കൂടി ഇവര്‍ മുകളില്‍ പറഞ്ഞത് പോലത്തെ പടങ്ങള്‍ക്ക്  വേണ്ടി ഉപയോഗിച്ചിരുന്നെങ്കില്‍ മലയാള സിനിമ എന്നെ രക്ഷപ്പെട്ടു പോയേനെ...പ്രതീക്ഷ ഉണര്‍ത്തുന്ന ഈ യുവതാരങ്ങളുടെ കടന്നു വരവില്‍ ദിലീപിന്റെയും
ജയസൂര്യയുടെയും രാജു മോന്റെയും സൂപര്‍ താര പദവിക്ക് ഇളക്കം ഉണ്ടാകുമോ എന്നുള്ളത് ഇനി വരാനുള്ള  പടങ്ങള്‍ കണ്ടു തീരുമാനിക്കേണ്ടി വരും.

വാല്‍ക്കഷ്ണം:
ലാലേട്ടന്റെ എയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രം തിയേറ്റര്‍കളില്‍ നിറഞ്ഞ സദസ്സില്‍ ഓടികൊണ്ടിരിക്കുമ്പോ കുറച്ചു മുന്‍പേ റിലീസ് ചെയ്ത ഇക്കയുടെ പഴശ്ശിരാജയുടെ പ്രോമോ ക്ലിപ്പിലെ ഒരു പ്രധാന ഭാഗം ഒരു കമ്യൂണിറ്റിയില്‍ നിന്നും എടുത്തത്‌ താഴെ ചേര്‍ക്കുന്നു...

മമ്മൂട്ടി : കമ്പനിക്കെതിരെ പുതിയ യുദ്ധമുറകളാണ് ഞാന്‍ ഉദ്ദ്യേശിക്കുന്നത്...
മനോജ്‌ കെ ജയന്‍ : അതെന്താണ് തമ്പ്രാന്‍?.
മമ്മൂട്ടി : ഒളിപ്പോര്
ശരത് കുമാര്‍: ഒളിപ്പോരോ അതേതു മുറയാണ്‌?.
മമ്മൂട്ടി : ഞാന്‍ ഒളിച്ചിരിക്കും, നിങ്ങള്‍ യുദ്ധം ചെയ്യും......

8 comments:

  1. kalakki ketto.
    prathviraajum jayasurayum okke mammukkakkum lalettanum velluviliyaayathu pole nee enikkoru velluviliyakumo?

    ReplyDelete
  2. കലക്കി. ഇങ്ങനെ ഒരു അവലോകനം ഞാന്‍ വായിക്കുന്നത് ഇതാദ്യം! മമ്മൂട്ടിയും മോഹന്‍ ലാലും ഇത് വായിച്ചിരുന്നെങ്കില്‍ മലയാള സില്‍മ രക്ഷപ്പെടും!!

    ReplyDelete
  3. മമ്മൂട്ടി : കമ്പനിക്കെതിരെ പുതിയ യുദ്ധമുറകളാണ് ഞാന്‍ ഉദ്ദ്യേശിക്കുന്നത്...
    മനോജ്‌ കെ ജയന്‍ : അതെന്താണ് തമ്പ്രാന്‍?.
    മമ്മൂട്ടി : ഒളിപ്പോര്
    ശരത് കുമാര്‍: ഒളിപ്പോരോ അതേതു മുറയാണ്‌?.
    മമ്മൂട്ടി : ഞാന്‍ ഒളിച്ചിരിക്കും, നിങ്ങള്‍ യുദ്ധം ചെയ്യും......

    ha ha....

    ReplyDelete
  4. കൊല്ലാം കൊല്ലാം......

    ഒഹ് സോറി കൊള്ളാം കൊള്ളാം ...

    ReplyDelete
  5. Kollam nannayi... avaloganam... idhu mammokkakkum lalettanum ayachu kodukkanam :)

    ReplyDelete