സമ്പൂർണ്ണ സാക്ഷരത
അമ്മാടം പള്ളിയുടെ മുൻപിൽ നിന്ന് അന്തം വിട്ടു വായും പൊളിച്ചു കുരിശിലേക്കു നോക്കി നിൽക്കുന്ന ആത്മാർത്ഥ സുഹൃത്തിന്റെ മനസ്സിൽ തോന്നിയ സംശയം ചോദ്യ രൂപത്തിൽ പുറത്തു വന്നത് ഇങ്ങനെ...
"അല്ലപ്പാ, ഇതിനും മാത്രം കാശൊക്കെ എവിടുന്നാ???"
ഒന്ന് ഗുരുവായൂർ വരെ പോയി വഴിപാട് കൗണ്ടറിൽ ഉള്ള വില വിവര പട്ടിക നോക്കിയാൽ തീരാവുന്ന സംശയമേ ഒള്ളു!!
"ദൈവത്തിന്റെ ഇടനിലക്കാർക്കു ആണോടാ, പൊട്ടാ കാശിനു പഞ്ഞം?!!!"
മുൻപ് പോയിട്ടുള്ള യാത്രകളിൽ ഏറ്റുമാനൂർ അമ്പലത്തിന്റെയും മാഹി പള്ളിയുടെയും ഒക്കെ മുൻപിൽ എത്തുമ്പോ ബസിൽ ഇരുന്ന് പ്രാർത്ഥനയോടെ ദൈവത്തിനു പൈസ എറിഞ്ഞു കൊടുക്കുന്ന ഭക്തരെ കാണാമായിരുന്നു, പിശാചിനെ കല്ലെറിഞ്ഞു ഓടിക്കുന്നു എന്ന് പറയും പോലെ ദൈവത്തിനെ പൈസ എറിഞ്ഞു ഓടിക്കുകയാണോ എന്ന് സംശയം തോന്നാറുണ്ട് അത് കാണുമ്പോ...
അങ്ങനെ എറിയുന്ന ഒരു കോയിൻ ചെന്ന് പുറകെ വരുന്ന ഏതെങ്കിലും കാറിന്റെ ചില്ലിൽ അടിച്ചാൽ അതിന്റെ ഡ്രൈവർ അതേ ദൈവത്തോട് പ്രാര്ഥിക്കുന്നുണ്ടാവണം "എറിഞ്ഞവന്റെ പിതാവിന് നല്ലതു മാത്രം വരുത്താനായി!" ഇങ്ങനെ രണ്ടു പ്രാർത്ഥനകളും കേൾക്കുന്ന ദൈവം, അതിൽ ഏത് ആദ്യം സാധിച്ചു കൊടുക്കണം എന്നലോചിച്ചു കൺഫ്യൂഷൻ ആയി ഇരിക്കുമ്പോ സ്വമേധയാ ഇറങ്ങി വന്നു റോഡിൽ കിടക്കുന്ന പൈസ എടുത്ത് ദൈവത്തിന്റെ സ്വന്തം സേവിങ്സ് അക്കൗണ്ടിൽ കൊണ്ട് ചെന്ന് ഇടില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ തമിഴനെയും തെലുങ്കനെയും ബംഗാളിയെയും മറ്റുള്ള എല്ലാവരെയും നോക്കി ഊറ്റം കൊണ്ട് ഉറക്കെ വിളിച്ചു പറയും
"ഞങ്ങളാണ് സമ്പൂർണ്ണ സാക്ഷരർ!!!"
ഞങ്ങൾ ഇനിയും പ്രാർത്ഥിക്കും, ആയിരങ്ങളും ലക്ഷങ്ങളും എറിഞ്ഞു കൊണ്ട് തന്നെ പ്രാർത്ഥിക്കും, അങ്ങനെ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു ഞങ്ങൾ ശക്തരാകും, ആ ശക്തി കൊണ്ട് വേണം വരും ദിവസങ്ങളിൽ ഒരു നേരത്തെ അന്നം മോഷ്ടിക്കുന്ന എല്ലാ അവന്മാരെയും ഞങ്ങൾക്ക് തല്ലിക്കൊല്ലാൻ!!!
No comments:
Post a Comment