Saturday, November 7, 2009

ഡാ... നീ ആറാട്ടു പുഴ പൂരം കണ്ട്ട്ട് ണ്ടാ?...

2005 ജനുവരി മാസം, ഞാന്‍ കെല്‍ട്രോണില്‍ ഒരു വര്‍ഷത്തെ അപ്രന്റിസ് ഷിപ്പ് ഒക്കെ കഴിഞ്ഞു നാട്ടില്‍ തിരിച്ച് വന്ന സമയം,അവിടെതന്നെ ടെമ്പററി ആയി കേറാന്‍ പറ്റും എന്നറിയാമെങ്കിലും ഒരു പത്തിരുപതു ദിവസത്തെ ഗാപ്പ് ഉണ്ടാകും.അപ്പൊ ആ സമയം മുഴുവനും വീട്ടില്‍ തന്നെ വിശ്രമം ആണ്. വിശ്രമം എന്ന് പറഞ്ഞുകൂടാ ഒരു പാട് പരിപാടികള്‍ ഉണ്ട്. പുത്തന്‍കാട് അമ്പലത്തിലെ  ഉത്സവം,  കൊടുങ്ങല്ലൂര്‍ താലപ്പൊലി, പിന്നെ ചിറ്റൂര്‍ അമ്പലത്തിലെ കാവടിയാട്ടം അങ്ങനെ അങ്ങനെ പരിപാടികള്‍ കൊറേ ഉണ്ട്. അപ്പൊ ഇതൊക്കെ ഒന്നുപോലും മിസ്സാവാതെ അറ്റന്‍ഡ് ചെയ്യാന്‍ എനിക്ക് കൂട്ടുള്ളത് അപ്പുവും പിന്നെ അവന്റെ ബൈക്കുമാ,ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ആണേല്‍ ഇതൊക്കെയല്ലാതെ വേറെ പ്രത്യേകിച്ച്  ജോലികളൊന്നും  ഇല്ല താനും.അപ്പുന്റെ ശരിക്കുള്ള പേര് മാധവനുണ്ണി. ഈ 'ഉണ്ണി' പേരിലും പിന്നെ മനസിലും മാത്രേ ഒള്ളു, ആളെ കണ്ടാല്‍ ഒരു ആജാനബാഹു, എന്റെ ജീവിതത്തില്‍ അപൂര്‍വ്വം കിട്ടിയിട്ടുള്ള ഒരു സൌഭാഗ്യം എന്നൊക്കെ ചുമ്മാ വേണേല്‍ പറയാം...
അവനാണേല്‍ ഈ പൂരത്തിലൊക്കെ എന്നെക്കാളും വല്യേ താല്പര്യാ...അങ്ങനെയുള്ള ഒരു ദിവസം അവനെന്നോട് പറഞ്ഞു:
'ഡാ ഇന്നത്തെ പേപ്പറില്‍ ആറാട്ടുപുഴ പൂരത്തിന്റെ വാര്‍ത്ത ഇണ്ട്, നാളെണ് സംഭവം, നീ ഇതിനു മുമ്പ് കണ്ട് ട്ട്ണ്ടാ?'
'ഇല്ല'
'അളിയാ അതല്ലേ കാണണ്ടത് !.. സെറ്റപ്പ് സംഭവല്ലേ !.., ഈ പൂരം നടക്കണത്‌ ഒരു പാടത്താ.. ഒരു വല്യേ പാടം, അതിന്റെ ഒരറ്റത്ത് നിന്നു മറ്റേ അറ്റം വരെ ആനകളിങ്ങനെ നിരന്നു നിക്കും. നൂറ്റൊന്നു ആനകള്‍ഇണ്ടാകും . അതൊന്നു കാണണ്ട കാഴ്ച തന്നെ ആണുമോനെ !!...'
'ഹേയ്  എന്നാ നമുക്ക് പൂവാം!..' ഞാന്‍ അപ്പോതന്നെ റെഡി,അവനും ബൈക്കും പണ്ടേ റെഡി ആണല്ലോ.അങ്ങനെ രണ്ടാളും കൂടി വെളുപ്പിനെ പുറപ്പെടാന്‍ തീരുമാനിച്ചു, വെളുപ്പിനെ വിട്ടാലേ ആറാട്ടൊക്കെ  കാണാന്‍ പറ്റൂ, അങ്ങോട്ട്‌ ഞങ്ങള്‍ടെ അവടന്ന് ഒരു പത്തിരുപത്തഞ്ചു കിലോമീറ്റര്‍ ഉണ്ട്. എന്നാലും പോക്കൊക്കെ ബൈക്കില്‍ തന്നെ അതിനൊരു മാറ്റവുമില്ല.     
അങ്ങനെ പിറ്റേന്ന് വെളുപ്പിനെ ഏതാണ്ട് അഞ്ചു മണിക്ക് അലാറം വച്ച് എഴുന്നേറ്റ് കുളിച്ച് ഞാന്‍ അവന്റെ വീട്ടിലെത്തി. അവനും കുളി ഒക്കെ കഴിഞ്ഞു കുട്ടപ്പനായി നില്‍ക്കാ.അവന്റെ അമ്മ അപ്പോഴേക്കും കട്ടന്‍ചായയൊക്കെ ഇട്ടു തന്നു. ഞങ്ങളതും കുടിച്ചു ബൈക്കില്‍ ആറാട്ടുപുഴയ്ക്ക്  വച്ച് പിടിച്ചു...പോകുന്ന വഴിയിലൊക്കെ ഈ കവാടങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്. അതൊക്കെ കണ്ടു ഞങ്ങളിങ്ങനെ കാണാന്‍ പോകുന്ന പൂരത്തെ ഓര്‍ത്തു ആകപ്പാടെ ത്രില്ലടിച്ചു, പോരാത്തതിന് പൂരം മുന്‍പ് കണ്ട അനുഭവങ്ങള്‍ ഇവനിങ്ങനെ അടിച്ചെറക്കാ...തൃശൂര്‍ പൂരം കഴിഞ്ഞാല്‍ പിന്നെ അടുത്തത് ഇതാണ് ...ജനസാഗരമായിരിക്കും...അങ്ങനെ കൊറേ അടിച്ച് വിടുന്നുണ്ട് ,
പക്ഷെ സ്ഥലമെത്താറായിട്ടും ഇത്രേം വല്യേ ഒരു പൂരത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണുന്നില്ല. വഴിനീളെ ഇടവിട്ട്‌ ഇടവിട്ട്‌ കൊറേ കവാടങ്ങള്‍ ഉണ്ട് അത്ര തന്നെ, അവസാനം സ്ഥലമെത്തി, നൂറ്റൊന്നു ആനകള്‍ നിരന്നു നില്‍ക്കണ്ട പാടം ശൂന്യം... ഒരു ആളനക്കം പോലും ഇല്ല.
'അളിയാ, ഇതെന്താടാ ഇങ്ങനെ..!', ഞാന്‍ ചോദിച്ചു
'അതാ ഞാനും ആലോചിക്കുന്നെ..!ഇനി പൂരം ഇന്നല്ലായിരിക്കോ ?',
'പിന്നെ നീ എന്ത് പണ്ടാരൊണ് പേപ്പറില്‍ ഒക്കെ കണ്ടൂന്നു പറഞ്ഞത് ' എനിക്ക് തലയ്ക്കു വട്ടായി...
മുഖത്തോട് മുഖം നോക്കി ഒരു വളിച്ച ചിരീം ചിരിച്ച് കൊറച്ചു നേരം ഞങ്ങളങ്ങനെ നിന്നു...

'എന്തായാലും വെളിച്ചം വീണു തോടങ്ങുന്നെ ഒള്ളു ഇപ്പൊ തിരിച്ച് പോയാല്‍ സംഭവം ഒറ്റ കുഞ്ഞു പോലും അറിയില്ല' ആ കാര്യത്തില്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരു സംശയവും ഉണ്ടായില്ല. ആ സ്പോട്ടില്‍ വണ്ടീം തിരിച്ച് പോകുന്ന വഴിയില്‍ ഇരിഞ്ഞാലക്കുട സെന്റെറിലെ ഒരു തട്ട് കടേന്നു ഓരോ കട്ടനും കൂടി പിടിപ്പിച്ച് നൂറേ നൂറില്‍ തിരിച്ച് വീട്ടിലേക്ക്...വീട്ടിലെത്തി ശരിക്കും ഒന്ന് തപ്പി നോക്കിയപ്പഴാ സംഗതീടെ ഒരു കെടപ്പ് വശം മനസിലാവുന്നത്,ഒരു ന്യൂസ്‌  പേപ്പറിനുള്ളില്‍ ഉണ്ടായിരുന്ന പൂരത്തിന്റെ നോട്ടീസ് ആണ് അളിയന്‍ വായിച്ചത്, പേപ്പറിനു കുറച്ചു പഴക്കം ഉണ്ടായിരുന്നു എന്നുമാത്രം... 
ഇങ്ങനെ ഒരമളി പറ്റിയ കാര്യം എനിക്കും അവനും അവന്റെ അമ്മയ്ക്കും അല്ലാതെ നാലാമത് ഒരാള്‍ക്ക്‌ പോലും  ഇതുവരെ അറിയില്ല,ഹല്ല, ഇനിയൊട്ടു അറിയാനും പോണില്ല...
അത് കഴിഞ്ഞു കൊറച്ചു ദിവസങ്ങള്‍ക്ക്  ഞങ്ങളുടെ ഫ്രണ്ട്സ്  സര്‍ക്കിളിലുള്ള ആരെക്കണ്ടാലും ഉള്ള ഡയലോഗ്  ഇങ്ങനെ ആയിരുന്നു...
'ഡാ നീ ആറാട്ടു പുഴ പൂരം കണ്ട്ട്ട് ണ്ടാ?,  അളിയാ അതല്ലേ കാണണ്ടത് !.. സെറ്റപ്പ് സംഭവല്ലേ !.., ഈ പൂരം നടക്കണത്‌ ഒരു പാടത്താ.. ഒരു വല്യേ പാടം, അതിന്റെ ഒരറ്റത്ത് നിന്നു മറ്റേ അറ്റം വരെ ആനകളിങ്ങനെ നിരന്നു നിക്കും. നൂറ്റൊന്നു ആനകള്‍ഇണ്ടാകും . അതൊന്നു കാണണ്ട കാഴ്ച തന്നെ ആണുമോനെ !!...'
                

7 comments:

  1. പൂരവയല്‍ പറംബില്‍ രണ്ടാളും... ബ്ലീം... എന്ന് നിന്നത് മനസ്സില്‍ ഞാനൊന്ന് കണ്ട് നോക്കി....!!!

    ഹ ഹ ഹാ..ഓര്‍ത്തിട്ട് ചിരി വരുന്നു.!!!

    അവതരണം കലക്കി!!!

    ReplyDelete
  2. ഈ ചോദ്യം എന്നോടും ചോദിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ പോസ്റ്റിന്റെ തലക്കെട്ടു കണ്ടപ്പോള്‍ പെട്ടന്നുതന്നെ ഇങ്ങുപോന്നു. ആറാട്ടുപുഴ പൂരം കാണേണ്ടതു തന്നെ. ഞാനും ഇതുവരെ കണ്ടിട്ടില്ല. എന്നാലും തൃശ്ശൂരിന്റെ പൂരാഘോഷങ്ങളില്‍ വളരെ പ്രസിദ്ധമായ ഒന്ന്. ചെറുപൂരങ്ങളായി എത്തി ഒരു വലിയ ദൃശ്യവിരുന്ന് ഒരുക്കുന്നത് തൃശ്ശൂരിലെ പൂരങ്ങളുടെ പ്രത്യേകത തന്നെ. ആറാട്ടുപുഴയിലെ പൂരത്തിന് മുഴുവന്‍ ദേവന്മാരും എത്തുമെന്നത് സങ്കല്പം. കണിമംഗലം ശാസ്താവാണത്രെ ആദ്യം എത്തുന്ന അതിഥി. പിന്നെ അദ്ദേഹം ആതിഥേയന്‍ ആവുന്നു. ഒടുവില്‍ തൃപ്രയാറു നിന്നും ശ്രീരാമസ്വാമി എത്തുന്നതോടെ സംഗമം പൂര്‍ണ്ണമാവുന്നു. ഇത്തരം ഒരു ദേവസംഗമം വേറെ എവിടെയാണ് കാണാന്‍ സാധിക്കുക. അതുകൊണ്ടു “അതൊരു സംഭവം തന്നെ”

    ReplyDelete
  3. ഡാ നീ ഉത്രാളിക്കാവു പൂരം കണ്ടിട്ടുണ്ടൊ ടാ..... സെറ്റപ്പാ.... കിടിലന്‍ വ്വെടിക്കെട്ടാല്ലെ ആളിയാ.... ഇത്തവണ നമുക്കു പെടക്കാ ട്ടാ....

    :)

    ReplyDelete
  4. കമന്റിനു നന്ദി ഭായി & മണികണ്ടന്‍...

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. അപ്പൂ, ഡാ ഞാന്‍ എപ്പോ റെഡി ആയീന്നു ചോദിച്ചാ പോരെ...

    ReplyDelete
  7. കലക്കി മോനെ.....ഇങ്ങനെ ഒരു പൂരം കാണല്‍ ഇടതു ആദ്യം.

    ReplyDelete